വെറും രോമത്തിൽനിന്ന്, അതും ആടിന്റെ രോമത്തിൽനിന്ന് ഇങ്ങനെയൊരു കണ്ടുപിടിത്തമോ? ആരും അദ്ഭുതപ്പെടുന്ന കണ്ടെത്തലുകളാണ് ലണ്ടൻ കിംഗ്സ് കോളജിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഭാവിയിൽ അസ്ഥിരോഗ ചികിത്സാരംഗത്തു വലിയ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തൽ എന്താണെന്നല്ലേ?
ആടിന്റെ രോമത്തിൽനിന്നു വേർതിരിച്ചെടുത്ത പ്രത്യേക 'പദാർഥം' അസ്ഥികളിലെ കേടുപാടുകൾ പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് ആ സുപ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് എലികളിലെ കേടുപാടുകൾ സംഭവിച്ച അസ്ഥികൾ വിജയകരമായി പുനർനിർമിച്ചെന്നു ഗവേഷകർ വ്യക്തമാക്കി. പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊളാജൻ മെംബ്രെയ്നുകളേക്കാൾ മികച്ച 'ബോൺ സെൽ' ആണ് നിർമിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി.
ആടിന്റെ രോമത്തിൽ കാണപ്പെടുന്ന സ്ട്രക്ചറൽ 'കെരാറ്റിൻ' എന്ന പ്രോട്ടീൻ ഉപയോഗിച്ചാണു പ്രത്യേക മെംബ്രെയ്നുകൾ വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബിൽ, ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മനുഷ്യരിലെ അസ്ഥികോശങ്ങളിലാണ് ഈ 'കെരാറ്റിൻ മെംബ്രെയ്നു'കൾ പരീക്ഷിച്ചത്. ഇവയിൽ കോശങ്ങൾ വേഗത്തിൽ വളരുകയും അസ്ഥി രൂപീകരണം സംഭവിക്കുകയും ചെയ്തു. തുടർന്ന്, സ്വയം സുഖപ്പെടാൻ സാധിക്കാത്ത വിധം തലയോട്ടിയിൽ വലിയ ക്ഷതങ്ങളുള്ള എലികളിൽ ഇതു പരീക്ഷിച്ചു. ഇതും വിജയകരമായിരുന്നു.
സുഖപ്പെടുന്ന സമയമത്രയും മാറ്റമില്ലാതെ നിൽക്കാനും പുതിയ അസ്ഥികൾ വളരാൻ അനുയോജ്യമായ പ്രതലം നൽകാനും തക്കവണ്ണമാണ് കെരാറ്റിൻ മെംബ്രെയ്നുകൾ ഗവേഷകർ രൂപപ്പെടുത്തിയത്. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിൽ, എലികളുടെ കേടുപാടുകൾ സംഭവിച്ച അസ്ഥികളിൽ പുതിയ അസ്ഥികൾ വിജയകരമായി പുനരുജ്ജീവിച്ചതായി ഗവേഷസംഘത്തിനു കണ്ടെത്താൻ കഴിഞ്ഞു.
പരീക്ഷണത്തിൽ കൊളാജൻ മെംബ്രെയ്നുകൾ കൂടുതൽ അസ്ഥികൾ രൂപപ്പെടുത്തിയെങ്കിലും, കെരാറ്റിൻ ഉപയോഗിച്ചപ്പോഴുണ്ടായ അസ്ഥികളിൽ ഘടനാപരമായ ക്രമീകരണവും ആരോഗ്യകരമായ അസ്ഥികൾക്കു സമാനമായ കോശവിന്യാസവും ഗവേഷകർ നിരീക്ഷിച്ചു. മാത്രമല്ല, കെരാറ്റിൻ മെംബ്രെയ്നുകൾ ചുറ്റുമുള്ള കോശങ്ങളുമായി പൂർണമായും സമന്വയിച്ചതായും ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.